Kerala, News

വിമര്‍ശനത്തിന് പിന്നാലെ വാക്‌സിനേഷന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന ഉത്തരവ് പിന്‍വലിച്ച്‌ കണ്ണൂർ കളക്ടര്‍

keralanews kannur collector withdraws the order that negative certificate mandatory for corona vaccination

കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിനേഷന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന ഉത്തരവ് പിന്‍വലിച്ച്‌ കണ്ണൂർ ജില്ലാ കളക്ടര്‍ ടി വി സുഭാഷ്.നാളെ തീരുമാനം നടപ്പാക്കാനിരിക്കെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. വാക്‌സിനെടുക്കാന്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാല്‍ സൗജന്യമായി കിട്ടേണ്ട വാക്‌സിനെടുക്കാന്‍ പരിശോധനയ്‌ക്കായി പണം ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നത്.ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് വാക്‌സിനായി സ്ലോട്ടുകള്‍ ലഭിക്കുന്നത്. ഇതിനിടെ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് പോയാല്‍ 24 മണിക്കൂറെടുക്കും ഫലം ലഭിക്കാന്‍. ഇതോടെ സ്ലോട്ട് നഷ്ടമാവുമെന്നും ജനങ്ങള്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പാക്കരുതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട്. അതേസമയം ഉത്തരവിനെ ആരോഗ്യമന്ത്രി സ്വാഗതം ചെയ്തിരുന്നു.

Previous ArticleNext Article