കണ്ണൂര്‍ : രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയായ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും മുന്‍കൈയ്യെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഎമ്മിന്റെയും, ബി ജെ പിയുടെയും, ആര്‍.എസ്.എസിന്റെയും പ്രമുഖ നേതാക്കളോടായിരുന്നു പിണറായിയുടെ അഭ്യര്‍ത്ഥന.
അക്രമം തടയാന്‍ പോലീസ് പോലീസാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊലീസ് സമ്മര്‍ദ്ദത്തിന് വഴങ്ങരുത്. ഉന്നത ഇടപെടലില്‍ പോലീസ് സ്‌റ്റേഷനുകൡ നിന്ന് പ്രതികളെ വിട്ടയക്കുന്ന പതിവ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആയുധനിര്മാണവും ശേഖരവും തടയുന്നതിനായി പൊലീസ് കര്‍ശന നടപടി എടുക്കണം. ആരാധനാലയങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍, കടകള്‍ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ഇല്ലാതാക്കണം. കണ്ണൂരിലെ പൊലീസ് മേധാവികളുടെ സ്ഥലം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാരാണ് പൊലീസുകാരുടെ സ്ഥലം മാറ്റത്തെക്കുറിച്ച് തീരുമാനിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ കണ്ണൂരില്‍ കൊലപാതക പരമ്പരകളാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുമ്പ് നിരവധി തവണ സര്‍വ്വകക്ഷിയോഗം നടന്നിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വ കക്ഷിയോഗം ചേരുന്നത്.