Kerala, News

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍; 18 വയസ്സ് തികഞ്ഞ മുഴുവന്‍ പേര്‍ക്കും ഒന്നാം കോവിഡ് വാക്‌സിന്‍ നല്‍കിയതായി മേയര്‍ ടി.ഒ.മോഹനന്‍

keralanews kannur becomes first corporation in the state to provide vaccine to all mayor said vaccine give to all above the age of 18 in the corporation

കണ്ണൂർ: സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍. കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരില്‍ 18 വയസ്സ് തികഞ്ഞ മുഴുവനാളുകള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കിടപ്പു രോഗികള്‍ക്കും വാക്‌സിന്‍ നിഷേധിക്കുന്നവരുമായ ഒരു ചെറിയ വിഭാഗം മാത്രമേ ഇനി പ്രതിരോധ മാര്‍ഗം സ്വീകരിക്കാതെ കോര്‍പ്പറേഷന്‍ പരിധിയില്‍ ബാക്കിയുള്ളൂ. ഇവരും ഉടന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുമെന്ന് പ്രതിക്ഷിക്കുന്നതായി മേയര്‍ പറഞ്ഞു. ഇതിനോടൊപ്പം 52 ശതമാനം പേര്‍ കോര്‍പറേഷന്‍ പരിധിയില്‍ രണ്ടാം വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ വാക്‌സിന്‍ നല്‍കേണ്ട 157265 പേരില്‍ കോവിഡ് ബാധിച്ചു 90 ദിവസം തികയാത്തവരും, വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവരും ഒഴികെയുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി.കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാര്‍ക്ക് പുറമേ കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍,ഓട്ടോഡ്രൈവര്‍മാര്‍,മോട്ടോര്‍ തൊഴിലാളികള്‍,ചുമട്ട് തൊഴിലാളികള്‍, ബാര്‍ബര്‍- ബ്യൂട്ടീഷന്മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ തുടങ്ങി നിരവധി പേര്‍ക്ക് ഈ കാലയളവില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവര്‍ക്കായി ഒരു അവസരം കൂടി നല്‍കുന്നതിനു വേണ്ടി ജൂബിലി ഹാളിലും വിവിധ പി എച്ച്‌ സി കളിലും വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്.ഇക്കാര്യം വിവിധ പത്ര- ദൃശ്യ- ഓണ്‍ലൈന്‍ -സമൂഹ മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണിയിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മേയർ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരെ മുഴുവന്‍ കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കുക എന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്.അത് അംഗീകരിച്ച്‌ കൊണ്ട് ആവശ്യമായ വാക്‌സിന്‍ അനുവദിക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും തയ്യാറായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.കോവിഡെന്ന മഹാമാരിയെ നേരിടുന്നതിന് ജനങ്ങളെ പ്രതിരോധ സജ്ജരാക്കുന്നതിനും ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന ങ്ങളുമായി കോര്‍പ്പറേഷന്‍ ഇനിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article