കണ്ണൂർ:കണ്ണനൂർ അന്തരാഷ്ട്ര വിമാനത്താവളം ഒക്ടോബറിൽ പ്രവർത്തന സജ്ജമാകും. അത്യാധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തിയായ വിമാനത്താവളത്തിൽ ഇനി ബാക്കിയുള്ളത് കാലിബ്രേഷൻ മാത്രമാണ്.മഴ രണ്ടു ദിവസമെങ്കിലും വിട്ടു നിന്നാൽ അതിനും സൗകര്യമൊരുങ്ങും.ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ വിമാനത്താവളം ഉൽഘാടനം ചെയ്യും.ഉൽഘാടന തീയതി സംസ്ഥാന സർക്കാരും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷനും ചേർന്നാണ് തീരുമാനിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.തുടക്കത്തിൽ തന്നെ മൂന്നു അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാകും.കണ്ണൂർ-അബുദാബി ജെറ്റ് എയർവെയ്സ്,കണ്ണൂർ-ദമാം ഗോ എയർ,കണ്ണൂർ-ദോഹ ഇൻഡിഗോ എന്നീ അന്താരാഷ്ട്ര സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.കൂടുതൽ വിമാനകമ്പനികൾ വൈകാതെ തന്നെ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ എത്തുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിനെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ഉഡാൻ സർവീസ് തുടങ്ങുമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.എയർ ഇന്ത്യ,ഗോ എയർ,ഇൻഡിഗോ എന്നീ വിമാന കമ്പനികളാണ് ഉഡാൻ പത്തയിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ തയ്യാറായിരിക്കുന്നത്.വിദേശത്തുനിന്നുള്ള വിമാനകമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യം വൈകാതെ അംഗീകരിക്കപ്പെടുമെന്നാണ് കിയാലിന്റെ പ്രതീക്ഷ.