കണ്ണൂർ:കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി കണ്ണൂർ വിമാനത്താവളവും.69,179 പ്രവാസികളാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.കണ്ണൂർ,കാസർകോഡ് ജില്ലയിൽ നിന്നുള്ളവർക്ക് പുറമെ കണ്ണൂരിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളായ വയനാട്,കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ളവരുമുണ്ട് ഇക്കൂട്ടത്തിൽ.എന്നാൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യഘട്ടത്തിൽ കണ്ണൂരില്ല.എന്നിരുന്നാലും പ്രവാസികളെ സ്വീകരിക്കാൻ ആഴ്ചൾക്ക് മുൻപ് തന്നെ വിമാനത്താവളത്തിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.വിമാനത്താവളം പൂർണ്ണമായും അണുവിമുക്തമാക്കി.എല്ലാ വിഭാഗം ജീവനക്കാർക്കും പരിശീലനം നൽകി.പ്രവാസികളുമായി അടുത്തിടപഴകേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ് നൽകും.വിമാനങ്ങളെല്ലാം വന്നുകഴിഞ്ഞാൽ വിമാനത്താവളം പൂർണ്ണമായും അണുവിമുക്തമാക്കും.ഉദ്യോഗസ്ഥർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്.എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളിലായാണ് പ്രവാസികൾ എത്തുന്നത്.അനുമതി ലഭിച്ചാൽ കണ്ണൂരിലേക്ക് പ്രവാസികളെ എത്തിക്കാൻ സന്നദ്ധമാണെന്ന് ഗോ എയർ,ഇൻഡിഗോ എന്നീ വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്. വിമാനം ഇറങ്ങുന്ന പ്രവാസികളെ എയർപോർട്ടിനുള്ളിൽ തന്നെ പരിശോധിക്കും.തെർമൽ സ്കാനിങ്ങും വിശദമായ പരിശോധനയും ഉണ്ടാവും.ബാഗേജ് പ്രത്യേകം സ്ക്രീൻ ചെയ്ത് അണുവിമുക്തമാക്കും.പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കോവിഡ് 19 ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ വിമാനത്താവളത്തിന് സമീപം തയ്യാറാക്കുന്ന കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും. ആരോഗ്യവകുപ്പിന്റെ ആംബുലൻസാണ് യാത്രയ്ക്കായി ഉപയോഗിക്കുക.രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ സ്വകാര്യ വാഹനത്തിൽ വീടുകളിലേക്ക് അയക്കും.വാഹനത്തിൽ ഡ്രൈവറും പ്രവാസിയും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.ഇവർ വീടുകളിൽ എത്തുന്നുവെന്ന് പോലീസ് ഉറപ്പാക്കും.ഇവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.നിർദേശം ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ നിരീക്ഷണം നടത്തും.വരും ആഴ്ചകളിൽ പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂരിനും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളം എംഡി വി.തുളസീദാസ് പറഞ്ഞു.