കൊച്ചി:കണ്ണൂരിലെ കനകമലയില്‍ ഐ.എസ് യോഗം നടത്തിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി.പ്രതികളായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഒമര്‍ അല്‍ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (31), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (27), കോയമ്പത്തൂർ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (30), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (25), മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന് (31),കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ കുന്നുമ്മേല്‍ മൊയ്നുദ്ദീന് പാറക്കടവത്ത് (25) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ വിധി ഒരു മണിക്കൂറിനുള്ളില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി. കൃഷ്ണകുമാര്‍ പ്രഖ്യാപിക്കും.കേസില്‍ ആറാംപ്രതിയായ കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിമിനെ (26) കോടതി വെറുതെവിട്ടു.
2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി സംസ്ഥാനത്തെ രണ്ട് രാഷ്ട്രീയ നേതാക്കള്‍, രണ്ട് ഹൈകോടതി ജഡ്ജിമാര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന് എന്നിവര്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഇവര്‍ വിചാരണ നേരിട്ടത്. കൊടൈക്കനാലില്‍ അവധി ആഘോഷിക്കാെനത്തുന്ന ജൂതര്‍ക്കെതിരെയും ആക്രമണ പദ്ധതിയിട്ടിരുന്നതായി വാദത്തിനിടെ എന്‍.ഐ.എ പറഞ്ഞിരുന്നു.