
കോട്ടയം:ശബരിമല ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവും കനകദുർഗയും നിരാഹാര സമരം അവസാനിപ്പിച്ചു.ആശുപത്രി വിറ്റാൽ നേരെ ശബരിമലയ്ക്ക് പോകില്ല.മറ്റൊരു ദിവസം ദർശനം നടത്താൻ പോകുമെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ടുപേരും അറിയിച്ചു.പോലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ ഉച്ചയോടെയാണ് ഇവർ നിരാഹരസമരം ആരംഭിച്ചത്.തിങ്കളാഴ്ച ശബരിമല ദർശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിന് 700 മീറ്റർ അകലെ വരെ എത്തിയിരുന്നെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ പ്രതിഷേധക്കാർ വളഞ്ഞതോടെ ദർശനം നടത്താനാകാതെ ഇവർ മലയിറങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പോലീസ് ആദ്യം പമ്പ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.