India, News

രാഷ്ട്രീയനാടകങ്ങള്‍ക്ക് അന്ത്യം;മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ രാജിവെച്ചു

keralanews kamalnath govt resigned in madhyapradesh

ഭോപ്പാല്‍:മധ്യപ്രദേശിൽ രാഷ്ട്രീയനാടകങ്ങള്‍ക്ക് അന്ത്യംകുറിച്ച് വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു. രാജിക്കത്ത് ഇന്നുതന്നെ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചു. കമല്‍നാഥിനോട് ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞദിവസം രാത്രി 16 വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി സ്പീക്കര്‍ പ്രജാപതി അംഗീകരിച്ചിരുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച്‌ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു.ആറു പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്.ഒരു അട്ടിമറിയിലൂടെയല്ലാതെ നിയമസഭയില്‍ വിശ്വാസവോട്ട് നേടാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഇതോടെ മധ്യപ്രദേശില്‍ ബിജെപി ഭരണത്തിലേറാനുള്ള സാധ്യത തെളിഞ്ഞു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Previous ArticleNext Article