തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളുടെ മൊഴി പുറത്ത്.കൊലപാതകം ഭരണകൂട സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമെന്നും തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കിയെന്നാണ് സൂചന. പ്രതികളെ തമിഴ്‌നാട് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തക്കല പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. ഉഡുപ്പിയില്‍ പിടിയിലായ അബ്ദുല്‍ ഷമീമിനെയും തൗഫീഖിനെയും വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പുലര്‍ച്ച കളിയിക്കാവിളയില്‍ എത്തിച്ചത്. പൊങ്കല്‍ അവധിയായതിനാല്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങില്ല. കുഴിതുറ ജുഡീഷ്യല്‍ മജിസ്‌ട്രേററ്റിന് മുമ്ബാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയേക്കും. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്.അതേസമയം കേരളത്തില്‍ പ്രതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയ സയ്ദ് അലി അടക്കമുള്ള പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടിക്കാനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ട്.