കൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ വിഷമദ്യത്തിന്റെയും (മീതൈല്‍ ആള്‍ക്കഹോള്‍) മദ്യത്തിന്റെയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നും പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണമാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടുനല്‍കിയത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. ഗുരുതരമായ കരള്‍രോഗവും വൃക്കയുടെ തകരാറും പ്രമേഹവും മണിക്കുണ്ടായിരുന്നു. ഇതു രൂക്ഷമായതാണോ മരണകാരണമെന്ന് പരിശോധിച്ച് വരുന്നു.