Kerala, News

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി; സ്ഥാനാർഥി നിർണയത്തിൽ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

keralanews k sudhakaran with harsh criticisam against oomenchandi ramesh chennithala and venugopal in candidate selection

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പി.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വളരെ മോശമായിരുന്നു. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.’കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി.ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’- സുധാകരൻ ആരോപിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. ആലങ്കാരിക പദവികള്‍ ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച്‌ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരിക്കൂര്‍ സീറ്റുമായി ബന്ധപ്പെട്ടുള്ള ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കാരണമാക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആണ് താന്‍. താന്‍ നല്‍കിയ രണ്ട് ലിസ്റ്റിലെയും വലിയ ഭാഗവും ഒഴിവാക്കപ്പെട്ടു. അതിന്റെ കാരണം എന്താണെന്ന് പോലും പറഞ്ഞിട്ടില്ല. ഹൈക്കമാന്‍ഡിനെ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എല്ലാവര്‍ക്കും നിരാശ ആണെന്നും സുധാകരന്‍ വ്യക്തമാക്കി.

Previous ArticleNext Article