Kerala, News

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

keralanews k sudhakaran will take over as k p c c president today

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും.ഇന്ന് രാവിലെ പത്ത് മണിയോടെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ സുധാകരന്‍ ഹാരാര്‍പ്പണം അര്‍പ്പിക്കും.തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും. പതിനൊന്ന് മണിയോടെയാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക.പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി. തോമസ് എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ എന്നിവരും ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കെ.സുധാകരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിരുന്നു.തലമുറമാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണികള്‍ നടന്നത്. പ്രശ്നങ്ങള്‍ ഇല്ലെന്ന് പുറമെ പറയുമ്പോഴും സുധാകരനെ അധ്യക്ഷനാക്കിയതില്‍ പല മുതിര്‍ന്ന നേതാക്കളും അസംതൃപ്തരാണ്.പുതിയ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുള്ളതായി തോന്നുന്നില്ലെന്നും, പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഉയര്‍ന്നുവരുമ്ബോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Previous ArticleNext Article