Kerala, News

പിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയില്‍ തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചു;കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്;വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കെ സുധാകരന്‍

keralanews k sudhakaran responds to pinarayi in controversy news was spread in a wrong way in the weekly the allegation of the chief minister that tried to kidnap the children was false

കൊച്ചി: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.പി ആര്‍ ഏജന്‍സികള്‍ എഴുതി കൊടുക്കുന്നതിന് അപ്പുറത്തേക്കുള്ള യഥാര്‍ഥ പിണറായി ആയിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ കണ്ടത്. മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ്. ആ നിലവാരത്തിലേക്ക് താഴാന്‍ താനില്ലെന്ന് സുധാകരന്‍ പറഞ്ഞു.മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും സുധാകരന്‍ വെല്ലുവിളിച്ചു. വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്.മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ. വെടിയുണ്ട തന്റെ ബാഗിൽ നിന്നല്ല കണ്ടെടുത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബ്രണ്ണന്‍ കോളേജില്‍ എന്നെ നഗ്‌നനാക്കി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരൻ പറഞ്ഞു. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താം. മമ്പറം ദിവാകരന്‍ അടക്കം പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെ. പാര്‍ട്ടിക്ക് അകത്ത് പാര്‍ട്ടി വിരുദ്ധര്‍ ഉണ്ടാകും. പ്രശാന്ത് ബാബു എന്നെ ആക്രമിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതല്‍ പാര്‍ട്ടിക്ക് പുറത്താണ്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമല്ലാതെ നില്‍ക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കില്‍ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

Previous ArticleNext Article