Kerala, News

ശബരിമല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി

keralanews k s r t c with special package for sabarimala pilgrim

തിരുവനന്തപുരം:ശബരിമല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി. ‘അയ്യപ്പദർശൻ ടൂർ പാക്കേജ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ കെ എസ് ആര്‍ ടി സി പ്രതിനിധികള്‍ സ്വീകരിക്കും.ഭക്തരുടെ വേഷത്തില്‍ അയ്യപ്പദര്‍ശന്‍ സ്റ്റിക്കറും പതിക്കും.എസി വോള്‍വോ ബസ്സാണ് യാത്രക്കായി ഉപയോഗിക്കുക.പമ്പയിലേക്കുള്ള യാത്രയിൽ ഒരു കുപ്പി കുടിവെള്ളം സൗജന്യമായി നല്‍കും. ബസില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വൈഫൈ സൗകര്യവും ലഭ്യമായിരിക്കും. യാത്രയ്ക്കിടെ തീര്‍ത്ഥാടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബസില്‍ അനൗണ്‍സ് ചെയ്യും. യാത്രാ മധ്യേ ആവശ്യപ്പെടുന്നവര്‍ക്ക് ടോയിലറ്റ് സൗകര്യവും ലഭ്യമാകും. നിലയ്ക്കലില്‍ ബസ് മാറികയറാതെ നേരിട്ട് പമ്ബയില്‍ ഇറങ്ങാവുന്നതുമാണ്. പമ്പയില്‍ ക്ലോക്ക് റൂം സൗകര്യം ലഭ്യമാകും. ഇവിടെ മറ്റ് സാധനങ്ങള്‍ വച്ച്‌ ഇരുമുടികെട്ടുമായി മല ചവിട്ടാം.പമ്പയില്‍ കെ എസ് ആര്‍ ടി സി പ്രതിനിധികള്‍ യാത്രക്കാരെ സ്വീകരിക്കും. പൊലീസിന്റെ വെർച്ച്വൽ ക്യൂ അടക്കമുള്ള ദര്‍ശനത്തിന് സൗകര്യവും കെ എസ് ആര്‍ ടി സി തന്നെ ഒരുക്കും.ദര്‍ശനം കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഒരു ടിന്‍ ആരവണ പായസം സൗജന്യമായി കെ എസ് ആര്‍ ടി സി നല്‍കും. തിരികെയുള്ള യാത്രയ്ക്ക് എയര്‍പോര്‍ട്ടായാലും റെയില്‍വേ സ്‌റ്റേഷനായാലും അതുവരെ കെ എസ് ആര്‍ ടി സി സൗകര്യം ഒരുക്കും. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ നിന്നുള്ള അയ്യപ്പദര്‍ശന്‍ യാത്രയ്ക്ക് ഒരു ഭക്തനില്‍ നിന്ന് 1500 രൂപയാണ് കെ എസ് ആര്‍ ടി സി ഈടാക്കുക. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് 900 രൂപയും. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാത്തവര്‍ക്ക് ബസില്‍ ഒഴിവുണ്ടെങ്കില്‍ സീറ്റുകള്‍ കിട്ടും. ഒക്ടോബര്‍ 29 മുതല്‍ റിസര്‍വേഷന്‍ സൗകര്യവും ഒരുക്കും.തിരക്ക്  കൂടിയാല്‍ ശബരിമല ദര്‍ശന്‍ പാക്കേജില്‍ നോണ്‍ എസി ബസുകളും ഉള്‍പ്പെടുത്തും. ഭക്തര്‍ എങ്ങനെയാണ് ഈ പദ്ധതിയെ ഏറ്റെടുക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയാകും ഈ ഇടപെടല്‍.

Previous ArticleNext Article