Kerala, News

കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു;’പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാനില്ല, ഇനിയുള്ള രാഷ്ട്രീയ പ്രവർത്തനം സി.പി.ഐ.എം നോടൊപ്പമെന്നും’ പ്രഖ്യാപനം

keralanews k p anil kumar quits congrss and says he will continue his political activities with cpm

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് കെ.പി അനിൽ കുമാർ പാർട്ടിവിട്ടു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കും, കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും രാജിക്കത്ത് കൈമാറിയതായി അനിൽ കുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇനിയുള്ള രാഷ്ട്രിയ പ്രവർത്തനം സി പി ഐ എം നോടൊപ്പം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു.ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെ പി സി സി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന.സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു.പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല.പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി എടുത്തോ. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്.പാര്‍ട്ടിയ്ക്ക് അകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.  സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കി.മാദ്ധ്യമ ചർച്ചയിൽ നടത്തിയ പ്രതികരണത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ഉടൻ മറുപടി നൽകി. എന്നാൽ 11 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും അനിൽ കുമാർ വിമർശിച്ചു.കെ.സുധാകരനെ രൂക്ഷമായ ഭാഷയിലാണ് അനിൽ കുമാർ വിമർശിച്ചത്. സുധാകരൻ കെപിസിസി അദ്ധ്യക്ഷനായത് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത പോലെയാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം.അതേസമയം  അനിൽ കുമാറിനെ പുറത്താക്കിയതായി സുധാകരൻ അറിയിച്ചു. കടുത്ത അച്ചടക്ക ലംഘനമാണ് അനിൽ കുമാറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

Previous ArticleNext Article