India, News

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക്

keralanews jyotiraditya scindia resigns from congress to join bjp

ന്യൂഡൽഹി:മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥുമായുള്ള ഭിന്നതയ്‌ക്കൊടുവിൽ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക്.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ഇന്നലെ രാവിലെ സന്ദർശിച്ച് ചർച്ച നടത്തിയശേഷം കോൺഗ്രസിൽ നിന്നുള്ള രാജിക്കത്ത് സിന്ധ്യ തന്നെ ട്വീറ്റ് ചെയ്തു.രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിൻമേലാണ് രാജി എന്നാണ് സൂചന. സിന്ധ്യക്കൊപ്പം നിൽക്കുന്ന 19 എംഎൽഎമാർ രാജി വെച്ചു. ഇനിയും രാജികൾ ഉണ്ടാകുമെന്നാണ് സൂചന.ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 19 എംഎൽഎമാർ രാജി വെച്ചതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കും.രാജിക്ക് പിന്നാലെ ബംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുള്ള സിന്ധ്യപക്ഷക്കാരായ 17 പേര്‍ ഉള്‍പ്പെടെ 19 എം.എല്‍.എമാരും ഗവര്‍ണര്‍ക്ക് രാജിക്കത്തയച്ചു. ഇവരില്‍ ആറ് മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി.വിമതരുടെ രാജിയോടെ 114 എം. എല്‍. എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗബലം 95 ആയി കുറഞ്ഞു.ഇന്നലെ വൈകിട്ട് കൂടിയ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ 92 എം. എല്‍. എമാരേ പങ്കെടുത്തുള്ളൂ.മൂന്ന് പേര്‍ കൂടി രാജിവച്ചേക്കുമെന്നതിന്റെ സൂചനയാണിത്.എം.എല്‍.എമാരെ മാറ്റിയതു മുതല്‍ അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും സിന്ധ്യ ചര്‍ച്ചയ്‌ക്ക് തയ്യാറായില്ല. പി.സി.സി അദ്ധ്യക്ഷ സ്ഥാനം നല്‍കാന്‍ കമല്‍നാഥ് സമ്മതിച്ചെങ്കിലും സിന്ധ്യ അതിനും വഴങ്ങിയില്ല. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. അതും ഫലം കണ്ടില്ല.അതേസമയം പ്രതിസന്ധി മാറിക്കടക്കുമെന്ന ആത്മവിശ്വസം എംഎൽഎമാരുടെ യോഗത്തിൽ കമൽനാഥ് പ്രകടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. 2012 മുതല്‍ 2014 വരെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ഊര്‍ജ്ജ മന്ത്രി ആയിരുന്നിട്ടുണ്ട്.

Previous ArticleNext Article