മുംബൈ:ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സമൂഹമാധ്യമങ്ങളില്‍ കണ്ട പല സന്ദേശങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു.ഹീനമായ അധിഷേപങ്ങളും ഉണ്ടായി.എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച ശബരിമല വിധിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമലയില്‍ യുവതി പ്രവേശനമനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.ശബരിമല വിധി വന്ന് ഒരു വര്‍ഷം പൂർത്തിയാകുമ്പോഴാണ് വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍.വിധി പറഞ്ഞതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലുടെ നിരവധി ഭീഷണികള്‍ ഉണ്ടായി.ഓഫീസിലെ സഹപ്രവര്‍ത്തകര്‍, ഇന്റേണികള്‍,ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പല ഭീഷണി സന്ദേശങ്ങളും കണ്ടു.പലതും പേടിപ്പെടുത്തുന്നവയായിരുന്നുവെന്നും ചന്ദ്രചൂഡ് മൂബൈയില്‍ നടന്ന നിയമ വിദഗദ്ധരുടെ ഒരു സ്വകാര്യ ചടങ്ങില്‍ വ്യക്തമാക്കി.പക്ഷെ യുവതി പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ച് നില്‍ക്കുന്നു. യുവതികള്‍ക്ക് മാത്രം പ്രവേശനം തടയുന്നത് തൊട്ട്കൂടായ്മയ്ക്ക് തുല്യമാണന്നും ചന്ദ്രചൂഡ് വിമര്‍ശിച്ചു. യുവതി പ്രവേശനം എതിര്‍ത്ത ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിലപാടിലെ അംഗീകരിക്കുന്നു. എന്നാല്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കിലെടുക്കണമെന്നും ചന്ദ്രചൂഡ് ആവിശ്യപ്പെട്ടു.