മംഗളൂരു:മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്.പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്.ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇവരുടെ വാഹനങ്ങള്‍ കര്‍ണാടക പോലിസ് വിട്ടു കൊടുത്തിട്ടില്ല. നാളെ വിട്ടുനല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിടെ എട്ടരയോടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വണ്‍, 24×7 ചാനലുകളുടെ റിപോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.പോലിസ് മോശമായാണ് പെരുമാറിയതെന്ന് റിപ്പോർട്ടർമാർ ആരോപിച്ചു. സീറ്റ് ഉണ്ടായിട്ടും ബസ്സിലെ തറയിലിരുത്തിയതായി മീഡിയാ വണ്‍ റിപോര്‍ട്ടര്‍ റഷീദ് ആരോപിച്ചു.കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്.കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമപ്രവര്‍ത്തകരെയാണെന്നും ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും മംഗലാപുരത്തെ പോലീസും കേരളത്തിലെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ കേരളാ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.ഒടുവില്‍ മൂന്നരയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ ഇവരെ പോലീസ് വാഹനത്തില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.