Kerala, News

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

keralanews jounalist killed in accident cout give last warning to sriram venkitraman
തിരുവനന്തപുരം:സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത ഒന്നാം പ്രതി  ശ്രീറാം വെങ്കിട്ടരാമന് അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കി.അതേസമയം രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫാ നജീം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അൻപതിനായിരം രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലുമാണ് വഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരോടും വെള്ളിയാഴ്ച ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. വിവിധ കാരണങ്ങള്‍ പറഞ്ഞാണ് ശ്രീറാം കോടതിയില്‍ ഹാജരാകാതെ മാറിനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി ശ്രീറാമിന് അടുത്തമാസം 12 ന് ഹാജരാകണമെന്ന അന്ത്യശാസനം നല്‍കിയത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കും മുൻപ് പ്രതികള്‍ കോടതിയില്‍ ഹാജരായി മുന്‍ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിര്‍ത്തേണ്ടതുണ്ട്.അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.
Previous ArticleNext Article