തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് നീങ്ങുന്നതില്‍ പ്രതിഷേധിച്ച് ജോസഫ് എം. പുതുശേരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടു. യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്കു നീങ്ങാനുള്ള ഒരുക്കത്തില്‍ പ്രതിഷേധിച്ചാണിത്. പാര്‍ട്ടി യു.ഡി.എഫ്. വിട്ടപ്പോള്‍ ഒപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.’എല്‍ഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടര്‍ന്നും അതിനോടൊപ്പം ചേര്‍ന്ന് നില്ക്കാന് തന്നെയാണ് താത്പര്യം’- ജോസഫ് എം.പുതുശേരി പറയുന്നു.ജോസ് പക്ഷ നീക്കങ്ങളില്‍, പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമായ പുതുശേരി അതൃപ്തനായിരുന്നു. പാര്‍ട്ടി നേതൃയോഗങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കിയെങ്കിലും കണക്കിലെടുക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും (എം) അകന്നപ്പോള്‍ ചില മധ്യസ്ഥ നീക്കങ്ങള്‍ക്കു ശ്രമിച്ചെങ്കിലും പാര്‍ട്ടി മുഖം തിരിച്ചുവെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഏത് പാര്‍ട്ടിയിലേയ്ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് എം പുതിശേരി പറഞ്ഞു. കൂടുതല്‍ പേര് പാര്‍ട്ടി വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വര്‍ഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയില്‍ നിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടര്‍ന്ന് 2011ല്‍ സീറ്റ് ലഭിച്ചില്ല. 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി അംഗമാണ്.