Kerala, News

തൊഴിൽ തട്ടിപ്പ് കേസ്;സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്

keralanews job fraud case voice clip of saritha s nair is out

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. പരാതിക്കാരനായ അരുണുമായി നടത്തിയ ശബ്ദ രേഖയാണ് പുറത്ത് വന്നത്.’നമ്മള്‍ ഇത് പിന്‍വാതിലിലൂടെ ചെയ്യുന്നതാണ്. അരുണിന് കാര്യം മനസിലായല്ലോ. പിന്‍വാതില്‍ നിയമനം സംബന്ധിച്ച്‌ വാര്‍ത്തകള്‍ വരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് ചെയ്യുന്നത്. ഓഫീസിലെ സ്റ്റാഫുകളില്‍ ഒരോ ദിവസം ഓരോരുത്തരാണ് വരുന്നത്. പിഎസ്‌സി എഴുതി കയറുകയല്ലല്ലോ. ഞാന്‍ നാല് പേര്‍ക്ക് ആരോഗ്യകേരളത്തില്‍ ജോലി വാങ്ങി കൊടുത്തു. ഒരാള്‍ക്ക് ജോലി കൊടുക്കുമ്പോൾ അവരുടെ കുടുംബം മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് അവരുടെ ധാരണ. അല്ലാതെ തുച്ഛമായ പണമാണ് അവര്‍ക്കും കൊടുക്കുന്നത്. പണം ഞാന്‍ അവസാനം മാത്രമെ വാങ്ങുകയുള്ളു.’ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നായിരുന്നു നെയ്യാറ്റികര സ്വദേശിയുടെ പരാതി. സരിതക്ക് പുറമേ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.

Previous ArticleNext Article