India, News

ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍;പാർലമെന്റിലേക്ക് ലോങ്ങ് മാർച്ച് നടത്തുന്നു

keralanews jnu students strengthen protest against fee hike conducting long march to parliament

ന്യൂഡൽഹി:ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പൊലീസ് നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. ആഫ്രിക്ക അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യസഹായവും ദില്ലി പൊലീസ് നിഷേധിച്ചിട്ടുണ്ട്. അതേസമയം രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ഥികളെ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്.

അതേസമയം ഫീസ് വര്‍ധന സംബന്ധിച്ച്‌ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണിത്. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് തൊട്ടുമുൻപാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്.നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാല്‍ വിവാദ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് പുതിയ സമിതി രൂപീകരിച്ചത്. മുന്‍ യുജിസി വൈസ്. ചെയര്‍മാന്‍ പ്രൊഫ.വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ ഷഹസ്രബുധെ ചൗഹാന്‍, യുജിസി സ്രെക്രട്ടറി പ്രൊഫ.രജ്നീഷ് ജെയിന്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

Previous ArticleNext Article