തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് പിടിച്ചെഴുന്നേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വിശദീകരിച്ചു. പൊലീസ് ഭാഷ്യം ആവര്‍ത്തിക്കുകയായിരുന്നു പിണറായി വിജയന്. പിണറായിയുടെ വാക്കുകളെ ഏറ്റുപിടിച്ച് അമ്മയെ പൊലീസ് എഴുന്നേല്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലീ നിലപാടിനെയെല്ലാം തള്ളിക്കളയുന്ന രീതിയിലാണ് ഇന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ വയറിന് ക്ഷതമേറ്റെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും സിപിഐഎമ്മിന്റെയും വാദങ്ങള്‍ പൊളിക്കുന്നത് തന്നെയാണ് ഈ കണ്ടെത്തല്‍. വയറിനേറ്റ പരിക്ക് ഭേദമാകാന്‍ പത്തുദിവസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയിലും മഹിജ നിരാഹാരം തുടരുകയാണ്.
ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയും പ്രഖ്യാപിച്ചിട്ടുണ്ട്. ചേട്ടന് വേണ്ടി മരിക്കാനും തയ്യാറാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. പ്രതികളെ പിടികൂടുന്നതുവരെ സമരം തുടരുമെന്നും അവിഷ്ണ അറിയിച്ചു. ശനിയാഴ്ചയും സമരം തുടരാനാണ് അവിഷ്ണയുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും തീരുമാനം. ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന് അശോകനും ബന്ധുക്കളും തിരുവനന്തപുരത്ത് നിരാഹാരസമരം തുടരുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വീട്ടില്‍ അവിഷ്ണയും ബന്ധുക്കളും നാട്ടുകാരും സമരം നടത്തുന്നത്.