നാദാപുരം: പാമ്പാടി നെഹ്‌റു കോളെജില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജിഷ്ണു മരണപ്പെട്ട് 89 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നത്. ഈ മാസം അഞ്ചിന് ഡിജിപി ഓഫീസിനു മുന്നിലാണ് കുടുംബാംഗങ്ങളുടെ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
നേരത്തെ കഴിഞ്ഞ മാസം അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. പ്രതികളെ രണ്ടാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യും എന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ ഇതുവരെയും പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതിനിടെ കേസിലെ മുഖ്യപ്രതി പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി സുപ്രിംകോടതി ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. വാട്ട്സാപ്പ് സന്ദേശങ്ങളാണ് സംഘത്തിന് ലഭിച്ചത്. ഇത് കേസന്വേഷണത്തില്‍ കൂടുതല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.