Kerala, News

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസ്;മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

keralanews jewellery investment fraud case muslim league mla mc kamarudheen in police custody for two days

കാസർകോഡ്:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഹോസ്ദുര്‍ഗ്ഗ് കോടതിയുടെയാണ് നടപടി.എംഎല്‍എ ഇന്ന്  ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ചുമത്തിയ വകുപ്പുകള്‍ ഒന്നും നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഇതോടെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം 11ന് ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനം കൈക്കൊണ്ടത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.കാസര്‍കോട് എസ്‌പി ഓഫിസില്‍ വച്ചാണ് എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചന്ദേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് സ്റ്റേഷന്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായാണ് എംഎല്‍എയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീന്‍. അതേസമയം റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. മാവിലകടപ്പുറം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്.

Previous ArticleNext Article