തിരുവനന്തപുരം:ജനതാദൾ യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേരാൻ തീരുമാനിച്ചു.എം.പി വീരേന്ദ്രകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫിൽ നിന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നുപോകുന്നതാണ്.വർഗീയത ചെറുക്കാൻ ഇടതുപക്ഷമാണ് നല്ലതെന്നും വൈകാരികമായും എൽഡിഎഫിനോടാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷമാണ് വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് മാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഇടതുമുന്നണിയിൽ ചേരാനുള്ള പാർട്ടി തീരുമാനം എം.വി. ശ്രേയാംസ്കുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വനെയും നേരിട്ടു കണ്ട് അറിയിച്ചു.ഇന്നലെ രാവിലെ ചേർന്ന ജനതാദൾ-യു നേതൃയോഗം യുഡിഎഫ് വിടാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. എതിർപ്പു പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന മുൻ മന്ത്രി കെ.പി. മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനും പാർട്ടി പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറിന്‍റെ തീരുമാനത്തെ പൂർണമായും പിന്താങ്ങി.