ബെംഗളൂരു:കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്.ഡി കുമാരസ്വാമി ഈ മാസം 23 ന് സത്യപ്രതിജ്ഞ ചെയ്യും.23 ന് കർണാടകയിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനമായതിനാലാണ് ചടങ്ങ് മാറ്റിയതെന്നാണ് വിവരം. രണ്ടാം തവണയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുന്നത്.കഴിഞ്ഞ ദിവസം ഭൂരിപക്ഷം തെളിയിക്കാനാകാതെ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചതിന് തൊട്ടുപിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനായി ഗവർണ്ണർ കുമാരസ്വാമിയെ ക്ഷണിക്കുകയായിരുന്നു. മുപ്പതംഗ മന്ത്രിസഭയാണ് അധികാരമേൽക്കുകയെന്നാണ് വിവരം.കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും.മന്ത്രിസഭയിലെ പങ്കാളിത്തം സംബന്ധിച്ച് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണ ആയതായാണ് സൂചന. കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 13 ഉം മന്ത്രിമാരാണ് ഉണ്ടാവുക. ഉപമുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന് 20 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. സഖ്യത്തില്‍ കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 36 ഉം അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖരെ സത്യപ്രതിജ്ഞ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു.