India, News

ഇന്ന് ജനതാ കർഫ്യൂ;വീടിനുള്ളില്‍ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂവെന്ന് പ്രധാനമന്ത്രി

keralanews janatha curfew today prime minister says stay home and stay healthy

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി 9 വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കും.കടകമ്പോളങ്ങൾ അടക്കം എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇന്ന് അവധിയാണ്.രാജ്യത്ത് കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് എല്ലാവരും മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ‘ നമുക്കെല്ലാവര്‍ക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ വരുംദിവസങ്ങളില്‍ ഗുണകരമാകും. വീടിനുള്ളില്‍ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ’- പ്രധാനമന്ത്രി കുറിച്ചു.
ജനങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമുള്ള ദിവസമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തത്. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമാണിത്. കൊറോണയെ പ്രതിരോധിക്കാന്‍ ഇത് മികച്ച മാര്‍ഗമാണെന്ന് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ അടക്കം തെളിയിച്ചിട്ടുണ്ട്.രോഗികള്‍ വര്‍ദ്ധിച്ചാല്‍ രാജ്യത്ത് ദിവസങ്ങള്‍ നീളുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നതിനാലാണ് പരീക്ഷണാടിസ്ഥാത്തില്‍ 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂ നടപ്പാക്കുന്നത്. നിയന്ത്രണങ്ങളെകുറിച്ച്‌ സര്‍ക്കാരിനും ഇതോടെ വ്യക്തതയുണ്ടാകും. ജനത്തിനായി ജനം തന്നെ നടപ്പാക്കുന്ന കര്‍ഫ്യൂ ആണിത്.ജനതാ കര്‍ഫ്യൂവിനോട് കേരള സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തും നിയന്ത്രണങ്ങള്‍ ബാധകമാണ്.

Previous ArticleNext Article