കണ്ണൂർ:കണ്ണൂർ ജയിലിൽ അധികൃതറിയാതെ തടവുകാർ സ്ഥാപിച്ച ടെലിവിഷൻ ജയിൽ സൂപ്രണ്ട് പിടിച്ചെടുത്തു.ഒന്നാം ബ്ളോക്കിലാണ് പഴയ മോഡലിലുള്ള പുതിയ ടിവി തടവുകാർ സ്ഥാപിച്ചത്.ടിവി സ്ഥാപിച്ചയുടൻ സ്ഥലത്തെത്തിയ ജയിൽ സൂപ്രണ്ട് ഇത് പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നാല് ദിവസം മുൻപാണ് പ്രത്യേക രീതിയിൽ പായ്ക്ക് ചെയ്ത് ടിവി ജയിലിനുള്ളിലെത്തിച്ചത്.ഗേറ്റ് ഡ്യുട്ടിയിലുണ്ടായിരുന്ന ആൾ പെട്ടി തുറന്നു നോക്കാതെ ജയിലിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു.ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്ന് കരുതപ്പെടുന്നു. ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലിൽ കാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും സാധനങ്ങൾ കൊണ്ടുവരുന്ന ലോറിയിലാണ് ടിവി കൊണ്ടുവന്നതെന്ന് കരുതുന്നു.തടവുകാർ സ്വയം പണം ശേഖരിച്ചാണ് ടിവി വാങ്ങിയതെന്ന് പറയുന്നു.തടവുകാരുടെ വേതനത്തിന്റെ ഒരു ഭാഗം വീടുകളിലേക്ക് അയക്കാറുണ്ട്.അതിൽ നിന്നുള്ള പണം ശേഖരിച്ച് പുറത്തുനിന്നുള്ള ആരോ ടിവി വാങ്ങി നല്കുകയായിരുന്നുവെന്ന് കരുതുന്നു.ഇരുനൂറോളം തടവുകാരാണ് ഒന്നാം ബ്ലോക്കിൽ ഉള്ളത്. ടിവിക്കുള്ളിൽ ലഹരിവസ്തുക്കൾ പോലുള്ള സാധനങ്ങൾ കടത്തിയതായും ആരോപണമുണ്ട്. നിലവിൽ മാർക്കറ്റിലുള്ള എൽസിഡി,എൽഇഡി ടിവികൾക്ക് പകരം വലുപ്പമുള്ള പഴയ ടിവി വാങ്ങിയത് ഇതിനാണെന്നാണ് സംശയം.സംഭവം ഗൗരവത്തോടെയാണ് ജയിൽ അധികൃതർ കാണുന്നത്.ഇക്കാര്യം ജയിൽ ഡിഐജിയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.