Kerala, News

ജെസ്‌നയെ തീവ്രവാദികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയം;അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും സിബിഐ റിപ്പോർട്ട്

keralanews it is suspected that jesna was abducted abroad by terrorists cbi report that there are inter state links

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ തീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഐ എഫ്‌ഐആര്‍. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. എഫ്‌ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാല്‍ സുഗമമായ അന്വേഷണത്തെ ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്‌ഐആറിലുണ്ട്.2018 മാര്‍ച്ച്‌ 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്‌ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതല്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാൻ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയില്‍ സിബിഐ അറിയിക്കുകയായിരുന്നു. കേസന്വേഷണത്തില്‍ പോലീസും ക്രൈംബ്രാഞ്ചും നിഷ്‌ക്രിയത്വം പാലിക്കുന്നതിനാല്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസും അഡ്വ. സി. രാജേന്ദ്രന്‍ വഴി ക്രിസ്ത്യന്‍ ഫോറവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാന്‍ ഉത്തരവിട്ടിരുന്നു.സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച്‌ കേസെടുക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

Previous ArticleNext Article