കൊച്ചി : പൊതുമേഖലാ ഓയിൽ കമ്പനികൾ നിയമത്തിൽ അനുശാസിക്കുന്ന വിധം പ്രവർത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിനോടനുബന്ധിച്ചുള്ള ഫിനാൻസ് ആക്ടിൽ 194Q എന്നൊരു ഭേദഗതി വരുത്തിയിരുന്നു.
10 കോടിയോ അതിലധികമോ വാർഷിക വിറ്റുവരവുളള ബയ്യറിൽ നിന്നും സെല്ലർ ഉൽപ്പന്ന വിലയുടെ 0.1% കുറച്ചുള്ള ഇൻവോയ്സ് വിലയെ വാങ്ങാവൂ എന്നും ബയ്യറാകട്ടെ ഓരോ മാസത്തെ മൊത്തം ഇൻവോയ്സ് മൂല്യം കണക്കാക്കി, ആ മൂല്യത്തിന്റെ 0.1% TDS അതിനടുത്ത മാസം ഏഴിനകം സെല്ലറുടെ ഇൻകം ടാക്സ് പാനിൽ അടക്കണമെന്നുമാണ് നിയമം പറയുന്നത്.
എന്നാൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ബഹു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി യും എച്ച്.പി.സി യും ഈ നിയമത്തിന് വിരുദ്ധമായിപ്രവർത്തിക്കുന്നതായി ചൂണ്ടിക്കാണിച്ചു.
മേൽ സൂചിപ്പിച്ച ഓയിൽ കമ്പനികൾ ഡീലർമാർക്കയച്ച സർക്കുലറിലൂടെ അറിയിച്ചത് ഉൽപ്പന്ന വില തങ്ങൾ പൂർണ്ണമായി തന്നെ വാങ്ങുമെന്നും, ഡീലർമാർ 0.1% കണക്കാക്കി TDS അടച്ചതിന്റെ ത്രൈമാസ സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ഓയിൽ കമ്പനികൾക്ക് സമർപ്പിച്ചു കഴിയുമ്പോൾ ആ തുക റീഇമ്പേഴ്സ് ചെയ്യാമെന്നുമാണ്.
ഈ സർക്കുലറിനെയാണ് പെട്രോളിയം ഡീലർ സംഘടന ചോദ്യം ചെയ്തത്. പെട്രോളിയം ഡീലേഴ്സ് ലീഗൽ സൊസൈറ്റിയുടെ വാദം ബഹു. ഹൈക്കോടതി ജസ്റ്റിസ്.എ.എം.ബദർ അംഗീകരിക്കുകയും നിയമാനുസൃതമായി പ്രവർത്തിക്കാൻ ഓയിൽ കമ്പനികൾ ബാധ്യസ്ഥരാണെന്നും അതിനാൽ തന്നെ ഡീലർമാർക്കായി,കമ്പനികൾ പുറപ്പെടുവിച്ച സർക്കുലർ അസാധുവാക്കി ഉത്തരവിടുകയും ചെയ്തു.
ഓയിൽ കമ്പനികളുടെ സ്റ്റാൻഡിംങ്ങ് കൗൺസിൽ ഹൈക്കോടതിയിൽ ഡീലർ സംഘടന റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതിന് ശേഷം, ആ പെറ്റീഷന് അനുസൃതമായി, തന്റെ കക്ഷികളായ സൂചിപ്പിച്ച ഓയിൽ കമ്പനികൾ സർക്കുലറിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
പരിഷ്കരിച്ച സർക്കുലർ കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് ബദർ നിർദ്ദേശിച്ചു.
ഹർജിക്കാർ ആവശ്യപ്പെട്ടതു പോലെ നിലവിലുള്ള സർക്കുലറിന്റെ പ്രയോഗക്ഷമത നിർത്തിവെക്കാനും ബഹു.ഹൈക്കോടതി ഉത്തരവിട്ടു.
ഹർജിക്കാരായ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിക്കു വേണ്ടി അഡ്വക്കേറ്റുമാരായ എ.കുമാർ, പി.ജെ.അനിൽകുമാർ,ജി.മിനി, പി.എസ്.ശ്രീപ്രസാദ്,ജോബ് എബ്രഹാം,അജയ്.വി.ആനന്ദ് എന്നിവർ ഹാജരായി.