ശ്രീഹരിക്കോട്ട: വിക്ഷേപണ വഴിയില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പിഎസ്എല്‍വി സി37 റോക്കറ്റാണ് ഇത്രയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് ഒരുമിച്ച് വഹിച്ചത്.ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ലോക റിക്കോര്‍ഡാണിത്. ബുധനാഴ്ച രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയില്‍ വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഇതുകൂടാതെ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ.
ഒറ്റയടിക്ക് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍കൂടി ചേര്‍ന്നു. ഇതേ തുടര്‍ന്നാണ് 2016 ഡിസംബര്‍ 26 ല്‍ നിന്ന് വിക്ഷേപണം 2017 ഫെബ്രുവരി 15 ലേക്ക് മാറ്റിയത്.