ടെൽ അവീവ്:ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ രംഗത്ത്.പെപ്‌റ്റൈഡ്‌സ് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ചെറുഘടകങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന വലയിലൂടെ കാന്‍സര്‍ കോശങ്ങളെ വലയം ചെയ്യാനും അതുവഴി വിവിധ ഭാഗങ്ങളിലൂടെ ആക്രമിച്ച് ട്യൂമറുകളെ നിശ്ശേഷം ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ട്യൂമറില്‍നിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുന്നതിനുമുന്നെ പെപ്‌റ്റൈഡുകള്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, ഇതിന് പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് ഇസ്രയേലിലെ ആക്‌സിലറേറ്റഡ് എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.എന്നാല്‍, ഇത് വിശ്വസിക്കാന്‍ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല.രോഗത്തെ ഭേദമാക്കാന്‍ ഇതിന് കഴിയുമെന്നത് വെറും അവകാശവാദം മാത്രമാണെന്നാണ് അവരുടെ പക്ഷം. ഈ ചികിത്സാ രീതി ഇതുവരെ മനുഷ്യരില്‍ പരീക്ഷിട്ടില്ലെന്നതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനത. എലിയില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആ പരീക്ഷണഫലങ്ങള്‍ ആരും ഇതുവരെ കണ്ടിട്ടുമില്ല.ശരീരത്തെ ബാധിക്കുന്ന എല്ലാത്തരം കാന്‍സറുകള്‍ക്കും ഒരേതരം ചികിത്സ സാധ്യമല്ലെന്ന എതിര്‍വാദവും അവര്‍ ഉന്നയിക്കുന്നു. എന്നാല്‍, ഈ അവകാശവാദം ശരിയാണെങ്കില്‍ പ്രതീക്ഷാനിര്‍ഭരമായ മുന്നേറ്റമാണ് ചികിത്സാ രംഗത്തുണ്ടായിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.
Health
ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍
Previous Articleകോഴിക്കോട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു