കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ തേടി വിജിലന്‍സ് എന്‍ഐഎ കോടതിയെ സമീപിച്ചു. ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്ന് വിജിലന്‍സ് പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം.ലൈഫ് മിഷന്‍ ക്രമക്കേടില്‍ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍. ലൈഫ് മിഷന്‍ സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയര്‍, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവര്‍ എം ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു. യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് എം. ശിവശങ്കറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നാണ് യു.വി ജോസ് നല്‍കിയ മൊഴി. യൂണിടാകിനെ സഹായിക്കാന്‍ ശിവശങ്കര്‍ പറഞ്ഞതായി എഞ്ചിനീയര്‍ വിജിലന്‍സിനോട് വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയാണ് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.ലൈഫ് മിഷന്‍ അഴിമതിയില്‍ തുടരന്വേഷണത്തിന് വാട്സാപ്പ് ചാറ്റുകള്‍ അനിവാര്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.വാട്സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചശേഷം മാത്രമേ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നാണ് സൂചന.