ഇരിട്ടി: ഇരിട്ടി വെറ്ററിനറി പോളിക്ലിനിക്കിന്റെ രണ്ടാം നിലയുടെ നിർമാണപ്രവൃത്തി പാതി വഴിയിൽ നിലച്ചു. പ്രവർത്തി നിലച്ചിട് ആറു മാസം കഴിഞ്ഞു. ഇതുമൂലം ക്ലിനിക്കിന്റെ പ്രവർത്തനം ദുരിതത്തിലായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ക്ലിനിക്കിന്റെ നിര്‍മാണപ്രവർത്തികൾ ആരംഭിച്ചത്.ഇവിടെയുള്ള ഡോക്ടർമാർക്ക് താമസത്തിനുള്ള സൗകര്യം, ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, ക്ഷീരകര്‍ഷകര്‍ക്കും മറ്റും ബോധവത്കരണങ്ങൾ നടത്താൻ തക്ക വിധമുള്ള വീഡിയോ പ്രദർശനങ്ങൾ നടത്താൻ കഴിയും വിധമുള്ള ലൈബ്രറി എന്നിവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
നാൽപതു ലക്ഷം രൂപയാണ് നിർമാണപ്രവൃത്തി ക്കായി നീക്കിവെച്ചിരുന്നത്. മുകളിലേക്കു കേറാനായി നിർമിക്കുന്ന ഗോവണിയുടെ ഒരു ഭാഗം കോൺക്രീറ്റ് ചെയുകയും മുകളിലെ നിളയുടെ രണ്ടുമൂന്നു തൂണുകൾ നിർമിക്കുകയും ചെയ്തതല്ലാതെ കാര്യമായതൊന്നും ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡോക്ടറുടെ പരിശോധനാമുറി, ഓഫീസ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. വാർപ്പിൽ നിന്നും ഇളകി മാറി നിൽക്കുന്ന പലകകൾ ഏതുനേരവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.