Kerala, News

ഐ ഫോൺ വിവാദം;വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുമ്പിൽ ഹാജരായേക്കും

keralanews iphone controversy vinodini balakrishnan to appear before customs today

കൊച്ചി:ലൈഫ് മിഷന്‍ കേസിലെ ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന്‍ കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്. എന്നാല്‍ ഹാജരാകുന്നത് സംബന്ധിച്ച്‌ കസ്റ്റംസിന് അറിയിപ്പ് ലഭിച്ചിട്ടില്ല. യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി നൽകിയ മൊബൈൽ ഫോണിൽ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. എങ്ങനെയാണ് വിനോദിനിയുടെ പക്കൽ ഈ ഫോൺ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക.ലൈഫ് മിഷൻ ഇടപാടിൽ കോഴ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ നിർദേശ പ്രകാരം താന് ആറ് ഐ ഫോണുകൾ വാങ്ങി നൽകിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അഞ്ച് ഫോണുകൾ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങൾ കസ്റ്റംസിന് നേരത്തെ ലഭിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ, ജിത്തു, പ്രവീൺ എന്നിവരാണ് ഫോൺ ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാൽ ഇതിൽ 1.13 രൂപ വില വരുന്ന ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ ഉപയോഗം നിർത്തി. ഐഎംഇഐ നമ്പർ ഉപയോഗിച്ച് സിം കാർഡ് കണ്ടെത്തിയെന്നും ഫോണിൽ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. അതേസമയം, സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. കസ്റ്റംസിന്റെ നോട്ടീസ് ഒന്നും തനിക്ക് വന്നില്ലെന്നും വിനോദിനി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ, വിനോദിനി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദിനിക്ക് താൻ ഫോൺ നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പറഞ്ഞു. ഐ ഫോൺ സ്വപ്‌ന സുരേഷിനാണ് നൽകിയത്. സ്വപ്‌ന ആർക്കെങ്കിലും ഫോൺ നൽകിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

Previous ArticleNext Article