Kerala, News

ഐ ഫോണ്‍ വിവാദം;വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല

keralanews iphone controversy vinodini balakrishnan did not appear before customs for questioning

കൊച്ചി:സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. രാവിലെ 11 മണിക്കാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയത്. വിനോദിനി ബാലകൃഷ്ണന്‍ ഹാജരാകില്ലെന്നത് സംബന്ധിച്ച്‌ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് പ്രതികരിച്ചിരുന്നു. കസ്റ്റംസിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റും വിനോദിനിയെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചേക്കും.ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടുന്നതിനാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകള്‍ വാങ്ങി സ്വപ്‌ന സുരേഷിനെ ഏല്‍പ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതില്‍ വിശദീകരണം നല്‍കാനാണ് വിനോദിനിയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.

Previous ArticleNext Article