ന്യൂഡൽഹി:ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ പി.ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും.സുപ്രീംകോടതിയിൽ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ ഇനി വേണ്ടെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി സിബിഐ കസ്റ്റഡിയിൽത്തന്നെ വിടാൻ ഉത്തരവിടുകയായിരുന്നു.73 വയസ്സുള്ള ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ സിബിഐ പ്രത്യേക കോടതിയിലും അഭിഭാഷകർ വാദിച്ചിരുന്നു.”ഞങ്ങൾക്കിനി ചിദംബരത്തിനെ ചോദ്യം ചെയ്യണമെന്നില്ല. ചോദ്യം ചെയ്യൽ അവസാനിച്ചു. ഇനി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ”, എന്ന് കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സിബിഐയുടെ റിമാൻഡിനെതിരായി ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസർക്കാർ ഈ നിലപാടെടുത്തത്.എന്നാൽ ചിദംബരം സിബിഐ കസ്റ്റഡിയിൽത്തന്നെ തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. എന്നാൽ ഇതിനെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്‍ത ശക്തമായി എതിർത്തു. ”ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാനാഗ്രഹിക്കുന്നില്ല എന്നതു കൊണ്ടോ, ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടോ കോടതി അത്തരമൊരു ഉത്തരവ് പാസ്സാക്കേണ്ടതുണ്ടോ?”, എസ്‍ജി മേഹ്‍ത ചോദിച്ചു. വിചാരണക്കോടതിയുടെ തീരുമാനങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നും എസ്‍ജി വാദിച്ചു.അതേസമയം, ചിദംബരത്തിന്‍റെ ജാമ്യത്തിനായി ഇനി കേസ് പരിഗണിക്കുന്ന സെപ്റ്റംബർ 5 വരെ വാദിക്കുകയോ അപേക്ഷ നൽകുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിംഗ്‍വിയും കോടതിയിൽ ഉറപ്പ് നൽകി. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തെ തിഹാറിലേക്ക് അയക്കേണ്ടതില്ല, അദ്ദേഹം സിബിഐ കസ്റ്റഡിയിൽ തുടരട്ടെയെന്ന് സുപ്രീംകോടതിയും നിലപാടെടുത്തത്.