കണ്ണൂർ: ഇടിമുറിയും സ്റ്റേഷനിലെ ലോക്കപ്പ് മുറിയും ഇല്ല ,പ്രതികളെ ചോദ്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യൽ മുറി പ്രവർത്തനമാരംഭിച്ചു. എ ആർ ക്യാമ്പിലെ ഒന്നാം നിലയിലാണ് ജില്ലാ പോലീസ് സേനയിൽ ആദ്യമായി ശാസ്ത്രീയ ഇന്റോരാഗേഷൻ മുറി ആരംഭിക്കുന്നത്.
പ്രതിയെ ചോദ്യം ചെയ്യുമ്പോൾ പ്രതിയുടെ ഭാവമാറ്റവും പെരുമാറ്റ രീതികളുമൊക്കെ അവരുടെ ശ്രദ്ധയിൽപ്പെടാതെ നിരീക്ഷിക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും സാധിക്കുന്ന രീതിയിലാണ് മുറി തയ്യാറാക്കിയിരിക്കുന്നത്.
മുറിയുടെ ഒരു ഭിത്തിയുടെ ഭാഗം കണ്ണാടി ഉപയോഗിച്ചാണുള്ളത്. കണ്ണാടിക്ക് പുറത്തുള്ളവരെ പ്രതികൾക്ക് കാണാനാകില്ല. ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യുന്നതിനും പിന്നീട് ആവശ്യമെങ്കിൽ വിശകലനം ചെയ്യുന്നതിനും ഉള്ള സൗകര്യവും മുറികളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുള്ളവരെ ഇവിടെ എത്തിക്കും. ഐ ജി പി വിജയനാണ് മുറി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യൽ മുറിയുടെ ഉദ്‌ഘാടനം കണ്ണൂർ റേഞ്ച് ഐ ജി മഹിപാൽ യാദവ് നിർവഹിച്ചു എസ് പി ശിവവിക്രം അധ്യക്ഷത വഹിച്ചു.