Kerala, News

വയനാട്ടിൽ വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ ഇന്റർനെറ്റ് കഫേ ഉടമ പിടിയിൽ

Handcuffed hands

വയനാട്:നിരവധി ആളുകൾക്ക് വ്യാജ ആർടിപിസിആർ സർട്ടിഫിക്കേറ്റ് നിർമ്മിച്ചു നൽകിയ ഇന്റർനെറ്റ് കഫേ ഉടമ പോലീസ് പിടിയിൽ. മാനന്തവാടി വ്യൂ ടവറിൽ പ്രവർത്തിക്കുന്ന ഡോട്ട് കോം ഇന്റർനെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് പിടിയിലായത്. ഒരു വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ചു നൽകുന്നതിന് 200 രൂപയാണ് ഇയാൾ ഇടാക്കിയിരുന്നത്. ഇത്തരത്തിൽ ഒട്ടേറെ പേർക്ക് കള്ള സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതായി ഇയാൾ വെളിപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബാർകോഡ് ഉൾപ്പെടെ രേഖപ്പെടുത്തിയായിരുന്നു സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടർ പ്രിന്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. കഫേ അടച്ചു പൂട്ടി സീൽ ചെയ്തു. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയിരുന്നു. ഇത് മുതലെടുത്താണ് പ്രതി വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ ആരംഭിച്ചത് എന്ന് പോലീസ് സംശയിക്കുന്നു.കുട്ട, ബാവലി, തോൽപ്പെട്ടി ചെക്‌പോസ്റ്റുകൾ വഴി നിരവധി പേരാണ് ദിവസവും കർണാടകയിലേക്ക് യാത്ര ചെയ്യുന്നത്. എത്രപേർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയിട്ടുണ്ട് എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

Previous ArticleNext Article