തിരുവനന്തപുരം:ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ കേരളാ ആരോഗ്യമന്ത്രി കെ കെ ശൈലജയും. ലോകോത്തര മാഗസിനായ ഫിനാന്‍ഷ്യല്‍ ടൈംസാണ് 12 വനിതകളെ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഡിസംബറില്‍ മാഗസിന് ആഗോളാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന പട്ടികയിലാണ് ഈ വര്‍ഷം കെ കെ ശൈലജയും ഇടം നേടിയത്.നൂറുകണക്കിന് നോമിനേഷനുകളില്‍ നിന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് 12 പേരെ തെരഞ്ഞെടുത്തത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന്, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. നേരത്തെ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയറായും ശൈലജ ടീച്ചറെ തെരഞ്ഞെടുത്തിരുന്നു. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചായിരുന്നു വോഗ് മാസിനിലെ ഫീച്ചര്‍. നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയെ അടയാളപ്പെടുത്തിയിരുന്നത്.പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്പെക്ട് മാഗസിനും കെകെ ശൈലജയെ ആദരിച്ചിരുന്നു. ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അൻപത് വ്യക്തികളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാമതെത്തിയിരുന്നു.