ശ്രീനഗര്‍: ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പ് വീണ്ടും സജീവമായതിന് പിന്നാലെ ഇന്ത്യയിലെ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ജയ്‌ഷെ ഭീകരര്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.ഇന്ത്യയിലെ സൈനിക താവളങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് എങ്കിലും പൊതു ഇടങ്ങളിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അമൃത്സര്‍,പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നേരത്തേ ഇന്ത്യ തകര്‍ത്ത ഭീകരക്യാമ്പ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചത്.ചാവേര്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ദക്ഷിണേന്ത്യയിലും സുരക്ഷ ശക്തമാക്കി. കേരളത്തില്‍ തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഉള്‍പ്പടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് രാജ്യത്തേക്ക് തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടാകാമെന്ന സംശയം നിലനില്‍ക്കുന്നത്.