ന്യൂഡൽഹി:രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇതിനു മുന്നോടിയായി ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയതായും ഇന്‍റലിജൻസ് മുന്നറിയിപ്പ്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ – പാക് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ വൻ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശമാണ് ഇതേത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‍എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.കാശ്‌മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യന്‍ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രകോപനം. കാശ്‌മീരിലെ സഹോദരങ്ങള്‍ക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനിടയിലാണ് പാക് ഭീകരന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസറിനെ മോചിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അസറിനെ കസ്‌റ്റഡിയിലെടുത്തത്.