കുട്ടമത്ത് ∙ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സാധനസാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ. കാവൽക്കാരുടെ കയ്യിൽ സുരക്ഷയ്ക്കായി ആകെയുള്ളത് ടോർച്ചുകൾ മാത്രം . കവർച്ചയ്ക്കെത്തിയവർ കാവൽക്കാരനെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ടു. ഇത് ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ വൈദ്യുതീകരണത്തിന് വേണ്ടി കൊണ്ടുവന്ന സാധനസാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രത്തിന്റെ അവസ്ഥയാണ്. കണ്ണൂർ മുതൽ മംഗളൂരു വരെയുള്ള റെയിൽവേ ലൈൻ വൈദ്യുതീകരണത്തിന്റെ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ചെമ്പ് കമ്പികൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് റെയിൽവേസ്റ്റേഷന് സമീപത്തെ കാടുപിടിച്ച പറമ്പിൽ കിടക്കുന്നത്. രാത്രിയായാൽ നാട്ടുകാരായവർക്കു പോലും ഇവിടെയുള്ള ആളുകളെ തിരിച്ചറിയാൻ കഴിയാറില്ല. ഇതിനു പുറമെ സാമുഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. പേരിനു വേണ്ടിയുള്ള സന്ദർശനം പരിശോധനയുടെ പേരിൽ പൊലീസ് നടത്തുന്നതല്ലാതെ കർശനമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്