വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റ് കബനി നാടുകാണി ദളത്തിലെ സജീവ പ്രവര്‍ത്തകനായ സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ ഏറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി.കൂടാതെ ഡിണറ്റേര്‍ അടക്കമുള്ള സ്ഫോടകവസ്തുകളും മാവോയിസ്റ്റ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്ഫോടകവസ്തുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ജലീലിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകാൻ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ശരീരത്തില്‍ സ്ഫോടക വസ്തുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും റിസോര്‍ട്ട് ജീവനക്കാരേയും മാറ്റിയ ശേഷം വളരെ കരുതലോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.