കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള ഐഎസ് ഭീകരൻ റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന.അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസര്‍കോടുകാരനായ റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍നിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.2016 മെയ് മാസത്തിലാണ് കാസര്‍കോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തില്‍ ഭാര്യ ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീന്‍, മര്‍വാര്‍ ഇസ്മായില്‍, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനി നിമിഷ തുടങ്ങിയവർ ഐഎസില്‍ ചേരാന്‍ നാടു വിട്ടത്.ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്ബുകളിലെത്തിയതായി ദേശീയ അന്വേഷണ ഏന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു.സലഫി പ്രഭാഷകന്‍ എംഎം അക്ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാള്‍ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ സന്ദേശം അയക്കാറുണ്ടായിരുന്നു.