കീവ്: യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു.കർണാടക ഹവേരി സ്വദേശി നവീൻ കുമാർ (21) ആണ് മരിച്ചത്. ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ കുമാർ കൊല്ലപ്പെട്ടത്.രാവിലെയോടെയായിരുന്നു സംഭവം. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് അപകടം . വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം നൽകിയിരുന്നു. മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.നവീനിന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു.വൈകീട്ടോടെയാണ് നവീന്റെ പിതാവുമായി മോദി ഫോണിൽ ബന്ധപ്പെട്ടത്. നവീന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.നവീന്റെ മരണത്തിൽ വിദേശകാര്യമന്ത്രാലയം ദു:ഖവും രേഖപ്പെടുത്തി.യുക്രെയ്‌നിൽ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി. ഖാർകീവിലെയും മറ്റ് നഗരങ്ങളിലെയും ഇന്ത്യക്കാരെ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യസെക്രട്ടറി റഷ്യൻ , യുക്രെയ്ൻ സ്ഥാനപതികളുമായി ബന്ധപ്പെട്ടുവരികയാണ്.