ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ റെയിൽവേ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതിയാണ് വികല്‍പ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക, എന്നതാണ് പദ്ധതിയിലുടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ അവര്‍ യാത്ര ചെയ്യുന്ന അത്രയും ദൂരം ടിക്കറ്റ് കണ്‍ഫേമായിരിക്കും. രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ, തുടങ്ങിയ ട്രയിനുകള്‍ ഒഴിഞ്ഞ സീറ്റുകളുമായി യാത്ര ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് വികല്‍പ്പ് നടപ്പിലാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ അതേ റൂട്ടിലേക്ക് തൊട്ടടുത്ത സമയത്ത് എത്തുന്ന മറ്റൊരു ട്രയിനിലേക്ക് നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി പ്രത്യേകമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കാണിക്കുന്ന ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. യാത്രക്കാര്‍ക്ക് ആ ട്രയിനില്‍ ബെര്‍ത്ത് ഉറപ്പാക്കാം.