ന്യൂഡൽഹി:തീവണ്ടി യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രാത്രിയാത്ര നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടിക്കുള്ളിൽ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാറ്. ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കാണ്. ഉത്തരവിന്റെ ലംഘനമുണ്ടായാൽ ആർപിഎഫ്, ടിടിആർ മറ്റ് ജീവനക്കാർ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും.ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.