Business, India, News

ഹൈഡ്രജൻ ഇന്ധന വിപ്ലവവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ

keralanews indian oil corporation with hydrogen fuel revolution (2)

മുംബൈ:ഇലക്ട്രിക്ക് വാഹനവും കടന്ന് ഹൈഡ്രജൻ ഇന്ധനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ.പ്രകൃതി വാതകത്തിൽനിന്ന് 15–30% ഹൈഡ്രജൻ അടങ്ങുന്ന എച്ച്സിഎൻജി ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഐഒസി ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹൈഡ്രജൻ നിറച്ച സെല്ലിൽ നടക്കുന്ന വൈദ്യുത രാസപ്രവർത്തനത്തിന്റെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ഊർജമാണു വാഹനത്തിൽ ഉപയോഗിക്കുക. പുകയോ മറ്റു മാലിന്യങ്ങളോ ഉണ്ടാകുന്നില്ലെന്നതാണു പ്രധാനനേട്ടം. ഹൈഡ്രജൻ ഇന്ധന സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കുക എന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധന വിതരണ കേന്ദ്രം ഹരിയാനയിലെ ഫരീദാബാദിലുള്ള ഗവേഷണ വികസന കേന്ദ്രത്തിൽ ആരംഭിച്ചു.ഓൺ-സൈറ്റ് ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണം, തുടങ്ങിയ കാര്യങ്ങൾ ഈ കേന്ദ്രത്തിൽ നടത്തപ്പെടുന്നുണ്ട്.സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേസുമായി(SIAM)സഹകരിച്ച് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രീ-വീലർ, ബസ് എഞ്ചിനുകൾ വികസിപ്പിക്കൽ, സി‌എൻ‌ജി ത്രീ-വീലറുകളും ബസുകളും എച്ച്-സി‌എൻ‌ജി മിശ്രിതത്തിലേക്ക് മാറ്റുന്നതിനോടൊപ്പം പോർട്ടബിൾ ജെൻസെറ്റുകൾക്കായി ഹൈഡ്രജൻ പരിവർത്തന കിറ്റുകളുടെ വികസിപ്പിക്കലും കമ്പനി നടത്തി വരുന്നു.

സാധാരണ സിഎൻജി വാഹനങ്ങൾ‍ പുറംതള്ളുന്നതുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡിന്റെ അളവിൽ 70% കുറവു വരുമെന്നതാണ് ഹൈഡ്രജൻ കലർത്തിയ സിഎൻജി (എച്ച്സിഎൻജി) ഉപയോഗിക്കുന്നതിലെ നേട്ടം.ബിഎസ്6 നിലവാരത്തിലെത്തുന്നതോടെ ഡീസലിന്റെ മലിനീകരണത്തോത് സിഎൻജിയുടേതിനു (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) തുല്യമാകും വിധം കുറയുമെന്ന് ഐഒസി റിസേർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. എസ്.എസ്.വി.രാമകുമാർ പറഞ്ഞു.2020ൽ പൂർണമായും രാജ്യം ബിഎസ്6ലേക്കു മാറും. ഇതിന്റെ ഭാഗമായി മൊത്തം 30,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഒസി റിഫൈനറികളിൽ നടത്തുന്നതെന്നും രാമകുമാർ അറിയിച്ചു.

Previous ArticleNext Article